2009, നവംബർ 3, ചൊവ്വാഴ്ച

അങ്കിള്‍ ഓവറായി

സാമുവല്‍ അങ്കിള്‍ വിവാഹം കഴിച്ചില്ല. പ്രണയനൈരാശ്യമൊന്നുമല്ല...പ്രണയത്തോടുള്ള പ്രണയം കാരണമാകാം അങ്ങനെയൊരു നാട്ടുനടപ്പ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായില്ല. അത് പക്ഷെ നന്നായി...എല്ലാം വെട്ടിപ്പിടിച്ച് കഴിഞ്ഞിട്ടും ജീവിതത്തില്‍ സമാധാനമില്ലെന്ന് തിരിച്ചറിഞ്ഞ നാള്‍ നാടും വീടും വിട്ടിറങ്ങിയപ്പോള്‍ കടപ്പാടിന്റെ ചിലന്തിവലകള്‍ മനസ്സില്‍ ഒട്ടിപ്പിടിച്ചില്ല. ദൂരെ...ലോകത്തിലെ ഏറ്റവും സമാധാനം ഉള്ള ഒരു മലഞ്ചെരിവ് അദ്ദേഹം കണ്ടെത്തി അവിടെ താമസം തുടങ്ങി. ബന്ധുക്കളേയും സുഹൃത്തുക്കളേയും ഒന്നും അറിയിച്ചില്ല...എല്ലാവരും മടുപ്പായിരുന്നു....ബോറന്മാര്‍...ഇവിടെ എത്ര സുന്ദരം....! ഹാ നല്ല കാറ്റ്...നല്ല വെള്ളം...പക്ഷികളുടെ സംഗീതം...ജീവിതത്തില്‍ ഒന്നും നേടാനില്ല എന്ന് അങ്കിളിന് മനസ്സിലായി. ഇനിതെ എല്ലാം ഉണ്ട്...എല്ലാം ശരിയായി നടക്കുന്നു. ചീവീടുകള്‍ ശ്രുതി തെറ്റാതെയാണ് പാടുന്നത്....ചിലന്തികള്‍ വരി തെറ്റാതെയാണ് വല നെയ്യുന്നത്...ആലിലകളുടെ നൃത്തവും എത്ര ധ്യാനാത്മകം......
പ്രകൃതിയുടെ സനാതനമായ സംഗീതത്തില്‍ തീര്‍ത്തും മുഴുകി ഒരപശ്രുതിയും വരാതെ താന്‍ ഉണ്ടോ എന്ന്‌പോലും പറയാനാകാത്ത ഒരു നിറഞ്ഞ നിശബ്ദതയില്‍ സാമുവല്‍ അങ്കിള്‍ എന്തിനെന്നറിയാത്ത ഒരത്ഭുതാനന്ദത്തില്‍ മുഴുകി ഒരു പാഴ്‌ച്ചെടിപോലെ ആ മലഞ്ചെരുവില്‍ ജീവിച്ചു...വന്യ ജീവികളുടെ മുരളലും വന്‍ മരങ്ങള്‍ കാറ്റില്‍ പരസ്പരം ഉരയുന്ന നാദവും വിഷനാഗങ്ങളുടെ ചീറ്റലും അദ്ദേഹത്തെ അസ്വസ്ഥനാക്കിയില്ല...ഒരു കൊച്ചരുവി ഒഴുകുന്നതുപോലായിരുന്നു അവിടത്തെ ജീവിതം..
ഒരു ദിവസം ഉച്ചകഴിഞ്ഞ് റോഹനും കൂട്ടുകാരും എങ്ങനെയോ അന്വോഷിച്ച് പിടിച്ച് അവിടെയെത്തി. റോഹന്‍ അമ്മാവന് കൂട്ടുകാരെയൊക്കെ പരിചയപ്പെടുത്തി. സന്ദീപ്, റോയ്, വേണു...പിള്ളേരടെ കയ്യില്‍ കുപ്പിയുണ്ടായിരുന്നു. റോയി ജീപ്പിന്റെ ഒരു രഹസ്യ അറയില്‍ നിന്ന് ഉപ്പിട്ട് ഉണക്കി സൂക്ഷിച്ച് വച്ചിരുന്ന വെടിയിറച്ചി എടുത്തോണ്ടുവന്നു. അവരുതന്നെ തീകൂട്ടി തീറ്റസാമാനങ്ങള്‍ റെഡിയാക്കി. നാലുമണിയോടെ തീറ്റയും കുടിയും തുടങ്ങി....
രണ്ട് പെഗ്ഗ് ചെന്നതെ റോഹന്‍ പരിഭവവും സെന്റിമെന്‍സും തുടങ്ങി. കൂടെ ചെല്ലണമെന്ന് വാശിപിടിച്ചു. വയറ്റിലെ ജലനിരപ്പ് കൂടുന്നതനുസരിച്ച് പലപല മൂഡുകള്‍ കുട്ടികള്‍ക്ക് മാറി വന്നു. സംഗീതത്തിന്റെ മൂഡ് വന്നപ്പോള്‍ വേണു പാടി..സന്ദീപ് മേശയില്‍ തബല കൊട്ടി. റോയി മൂക്ക് അടച്ച് പിടിച്ച് മോര്‍ശംഖ് വായിച്ചു...പിന്നെ ഒരു പെണ്‍കുട്ടി കന്യകയാണോ അല്ലയോ എന്ന് അവളുടെ നടത്തത്തില്‍ നിന്ന് എങ്ങനെ കണ്ടുപിടിക്കാം എന്ന വിഷയത്തില്‍ അഗാധമായ ഒരു ചര്‍ച്ച...ലിസിയാന്റി എന്ന പോസ്റ്റിറ്റിയൂട്ടിന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥത....മദ്യത്തില്‍ ചെര്‍ക്കുന്ന കളര്‍ പതിമുഖമാണത്രെ....ഇറച്ചിക്ക് രുചിയുള്ളത് ചോരകൊണ്ടാണുപോലും....ഇതുപോലെ ഒരുപാട് കമ്പനി കൂടിയിട്ടുള്ളതുകൊണ്ടും പല വിഷയങ്ങള്‍ ഇങ്ങനെ മേശക്ക് ചുറ്റുമിരുന്ന് സംസാരിച്ചിട്ടുള്ളതുകൊണ്ടും സാമുവല്‍ അങ്കിളിന് എല്ലാം ഒരു കാഴ്ച്ചയായിരുന്നു...രസമുള്ള ഒരു കാഴ്ച്ച....
എല്ലാ വൈകുന്നേരങ്ങളിലും അങ്കിളിന്റെ നിത്യ സന്ദര്‍ശകരായിരുന്നു ലൈലയും മജ്‌നുവും...രണ്ട് പ്രാവുകള്‍..! എന്നും അഞ്ച് പതിനഞ്ചിന് കറക്ടായി അവര്‍ വരും. അവര്‍ക്കുള്ള ധാന്യങ്ങള്‍ അങ്കിള്‍ വാങ്ങി വച്ചിട്ടുണ്ട്. കരിങ്കല്ലുകൊണ്ട് കെട്ടിയ കെട്ടിടത്തിന്റെ തണുപ്പ് തങ്ങിനില്‍ക്കുന്ന മിക്ക മുറികളും അവരുടെ മണിയറകളാണ്. ലൈല പെട്ടന്ന് ഇണങ്ങില്ല. അവള്‍ സംശയത്തോടെ ജനലിങ്കല്‍ ചിറക് വിരിച്ച് നില്‍ക്കുമ്പോള്‍ മജ്‌നു ശങ്കയില്ലാതെ പറന്നുവന്ന് തോളിലിരിക്കും...കയ്യില്‍ നിന്നും ധാന്യമണികള്‍ കൊത്തിത്തിന്നും. കുറേക്കഴിയുമ്പോള്‍ ലൈലയും മടിച്ച്മടിച്ച് വരും. പക്ഷെ കയ്യൊന്നനക്കിയാല്‍ അവള്‍ പറന്നുപോകും....
അവര്‍ക്കുമാത്രമെ സാമുവല്‍ അങ്കിള്‍ പേരിട്ടൊള്ളു. അവരെ പേരുവിളിച്ചപ്പോള്‍ അങ്കിളിന് കുറ്റബോധം തോന്നി. എന്തിനാണ് പേരിടുന്നത് എന്ന് സ്വയം ചോദിച്ചു. ഓരോ ജീവനും അനന്തവും അഗാധവുമാണ് എന്നും അജ്ഞാതമായിരിക്കുന്ന ഒന്നിന് പേരിടുന്നത് ഒരു കള്ളത്തരമല്ലെ...! എനിക്കറിയാം അത് ലൈലയാണെന്ന് പറയാന്‍ മാത്രം...സത്യത്തില്‍ ലൈല ആരെന്നും എന്തെന്നും ആര്‍ക്കറിയാം...?! വേറെയും ഒരുപാട് സുഹൃത്തുക്കളുണ്ട് പക്ഷികളായും മരങ്ങളായും താഴ്ന്ന് പറക്കുന്ന മേഘങ്ങളായും.....അവര്‍ക്കൊന്നും പേരിട്ടില്ല...ചുമ്മാ കാണുകയും കേള്‍ക്കുകയും ചെയ്തു....നല്ല രസമാണ് പക്ഷെ...
സമയം അഞ്ചേകാലായതെ ലൈലയും മജ്‌നുവും ജനലില്‍ പ്രത്യക്ഷപ്പെട്ടു. മജ്‌നു പറന്നുവന്ന് അങ്കിളിന്റെ തോളിലിരുന്നു. ദേ ഒരു പ്രാവ്......
വേണു പറഞ്ഞു.
ഒന്നല്ലെടാ രണ്ടെണ്ണമുണ്ട്....
റോഹന്‍ പറഞ്ഞു. സാമുവല്‍ അങ്കിള്‍ മുന്നിലെ പ്ലെയിറ്റില്‍ നിന്ന് മിക്‌സ്ചര്‍ എടുത്ത് മജ്‌നുവിന്റെ മുന്നില്‍ പിടിച്ചു. അവന്‍ രണ്ടുമൂന്ന് കോത്തിത്തിന്നു. കുട്ടികള്‍ അത്ഭുതപ്പെട്ട് നോക്കിയിരുന്നു. പുതിയ ആള്‍ക്കാരെ കണ്ടിട്ടും മജ്‌നുവിന് ഒരു പരിഭ്രമവും കണ്ടില്ല. ലൈല പതിവുപോലെ ജനലില്‍ തന്നെ ഇരുന്നതേയുള്ളു.
റോഹന്‍ കൈ നീട്ടിയപ്പോള്‍ മജ്‌നു ഒരു കൊമ്പില്‍ നിന്നും മറ്റൊരു കൊമ്പിലേക്ക് കയറുന്നതുപോലെ റോഹന്റെ കയ്യില്‍ കയറിപ്പോയി. റോഹന്‍ മജ്‌നുവിനെ തലോടി. സന്ദീപ് മജ്‌നുവിനെ വാങ്ങി ഒരു പെഗ്ഗ് അവന്റെ ചുണ്ടോട് അടുപ്പിച്ചു. ഒന്ന് കൊത്തിയിട്ട് അവന്‍ തല തിരിച്ചുകളഞ്ഞു. എല്ലാരും ചിരിച്ചു. റോയ് സന്ദീപിന്റെ കയ്യില്‍ നിന്നും മജ്‌നുവിനെ വാങ്ങി. എല്ലാവരുടേയും മുഖത്തെ പുഞ്ചിരിയിലേക്ക് റോയ് നിര്‍വ്വികരമായി നോക്കി. പിന്നെ പെട്ടന്ന് മജ്‌നുവിന്റെ കൊക്കില്‍ പിടിച്ച് ഒരു ചുള്ളിക്കമ്പുപോലെ ഒടിച്ചു. ആര്‍ക്കും ഒന്നും മനസ്സിലാകുന്നതിനുമുന്‍പ് റോയ് മജ്‌നുവിനെ കരിങ്കല്‍ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു...രാത്രിയില്‍ മുറ്റത്തിറങ്ങുമ്പോള്‍ അറിയാതെ മുറ്റത്ത് കിടന്ന പാവയില്‍ കയറി ചവിട്ടുമ്പോള്‍ കേള്‍ക്കുന്നതുപോലൊരു കരച്ചില്‍ മാത്രം പ്തും എന്ന ശബ്ദത്തിനൊപ്പം മജ്‌നുവില്‍നിന്ന് കേട്ടു.....ആ കരച്ചില്‍ മജ്‌നുവിന്റേതായിരുന്നോ അതോ ആ കരിങ്കല്‍ ഭിത്തിയുടേതായിരുന്നോ....!? ആരും ഒന്നും മിണ്ടിയില്ല. റോയ് പറഞ്ഞു.
വറത്തോണ്ടുവാടാ...വേണൂ..ശരിക്ക് കുരുമൊളക് ചേര്‍ക്കണം...
റോയ് അങ്കിളിനോട് പറഞ്ഞു.
കേട്ടൊ അങ്കിളെ നമ്മടെ വേണു ഒരു നല്ല നളനാ..എ ക്ലാസ്സായി കുക്ക് ചെയ്യും...
അല്‍പ്പസമയത്തിനുള്ളില്‍ മജ്‌നു പുതിയ രുപത്തില്‍ പ്ലൈറ്റില്‍ മുന്നില്‍ വന്നു. ചെറുനാരങ്ങയും സവാളയും കൊണ്ട് വേണു പ്ലൈറ്റ് അലങ്കരിച്ചിരുന്നു...അടുത്ത ഫുള്ള് പൊട്ടി. റോയ് എല്ലില്‍ നിന്നും മാംസം കടിച്ച് ഈമ്പിയെടുത്തിട്ട് എല്ല് കടിച്ച് പൊട്ടിച്ച് ചോക്ലേറ്റ് നിറത്തിലുള്ള മജ്ജ വലിച്ച് നുണഞ്ഞിട്ട് വെളുത്ത് ഉടഞ്ഞ എല്ലിന്‍ കഷണം ലൈലയുടെ മുന്നിലേക്ക് എറിഞ്ഞിട്ടു......സാമുവലങ്കിള്‍ കസേരയോടെ പുറകോട്ട് മറിഞ്ഞ് വീണു. അങ്കിളിനെ പൊക്കിയിരുത്തുന്നതിനിടയില്‍ റോഹന്‍ പറഞ്ഞു.
അങ്കിള്‍ ഓവറായി.....

2 അഭിപ്രായങ്ങൾ:

  1. മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു...
    ആശംസകളോടെ,

    മറുപടിഇല്ലാതാക്കൂ
  2. നല്ല പോസ്റ്റ്‌ . എന്തുകൊണ്ടാണ് അങ്കിള്‍ സാമുവല്‍ ആ കാട്ടില്‍ വന്ന്‍ പാര്‍ത്തത് എന്നതിന് വേറെ വിശദീകരണം ഒന്നും വേണ്ട.

    മറുപടിഇല്ലാതാക്കൂ