2009, നവംബർ 3, ചൊവ്വാഴ്ച

അങ്കിള്‍ ഓവറായി

സാമുവല്‍ അങ്കിള്‍ വിവാഹം കഴിച്ചില്ല. പ്രണയനൈരാശ്യമൊന്നുമല്ല...പ്രണയത്തോടുള്ള പ്രണയം കാരണമാകാം അങ്ങനെയൊരു നാട്ടുനടപ്പ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായില്ല. അത് പക്ഷെ നന്നായി...എല്ലാം വെട്ടിപ്പിടിച്ച് കഴിഞ്ഞിട്ടും ജീവിതത്തില്‍ സമാധാനമില്ലെന്ന് തിരിച്ചറിഞ്ഞ നാള്‍ നാടും വീടും വിട്ടിറങ്ങിയപ്പോള്‍ കടപ്പാടിന്റെ ചിലന്തിവലകള്‍ മനസ്സില്‍ ഒട്ടിപ്പിടിച്ചില്ല. ദൂരെ...ലോകത്തിലെ ഏറ്റവും സമാധാനം ഉള്ള ഒരു മലഞ്ചെരിവ് അദ്ദേഹം കണ്ടെത്തി അവിടെ താമസം തുടങ്ങി. ബന്ധുക്കളേയും സുഹൃത്തുക്കളേയും ഒന്നും അറിയിച്ചില്ല...എല്ലാവരും മടുപ്പായിരുന്നു....ബോറന്മാര്‍...ഇവിടെ എത്ര സുന്ദരം....! ഹാ നല്ല കാറ്റ്...നല്ല വെള്ളം...പക്ഷികളുടെ സംഗീതം...ജീവിതത്തില്‍ ഒന്നും നേടാനില്ല എന്ന് അങ്കിളിന് മനസ്സിലായി. ഇനിതെ എല്ലാം ഉണ്ട്...എല്ലാം ശരിയായി നടക്കുന്നു. ചീവീടുകള്‍ ശ്രുതി തെറ്റാതെയാണ് പാടുന്നത്....ചിലന്തികള്‍ വരി തെറ്റാതെയാണ് വല നെയ്യുന്നത്...ആലിലകളുടെ നൃത്തവും എത്ര ധ്യാനാത്മകം......
പ്രകൃതിയുടെ സനാതനമായ സംഗീതത്തില്‍ തീര്‍ത്തും മുഴുകി ഒരപശ്രുതിയും വരാതെ താന്‍ ഉണ്ടോ എന്ന്‌പോലും പറയാനാകാത്ത ഒരു നിറഞ്ഞ നിശബ്ദതയില്‍ സാമുവല്‍ അങ്കിള്‍ എന്തിനെന്നറിയാത്ത ഒരത്ഭുതാനന്ദത്തില്‍ മുഴുകി ഒരു പാഴ്‌ച്ചെടിപോലെ ആ മലഞ്ചെരുവില്‍ ജീവിച്ചു...വന്യ ജീവികളുടെ മുരളലും വന്‍ മരങ്ങള്‍ കാറ്റില്‍ പരസ്പരം ഉരയുന്ന നാദവും വിഷനാഗങ്ങളുടെ ചീറ്റലും അദ്ദേഹത്തെ അസ്വസ്ഥനാക്കിയില്ല...ഒരു കൊച്ചരുവി ഒഴുകുന്നതുപോലായിരുന്നു അവിടത്തെ ജീവിതം..
ഒരു ദിവസം ഉച്ചകഴിഞ്ഞ് റോഹനും കൂട്ടുകാരും എങ്ങനെയോ അന്വോഷിച്ച് പിടിച്ച് അവിടെയെത്തി. റോഹന്‍ അമ്മാവന് കൂട്ടുകാരെയൊക്കെ പരിചയപ്പെടുത്തി. സന്ദീപ്, റോയ്, വേണു...പിള്ളേരടെ കയ്യില്‍ കുപ്പിയുണ്ടായിരുന്നു. റോയി ജീപ്പിന്റെ ഒരു രഹസ്യ അറയില്‍ നിന്ന് ഉപ്പിട്ട് ഉണക്കി സൂക്ഷിച്ച് വച്ചിരുന്ന വെടിയിറച്ചി എടുത്തോണ്ടുവന്നു. അവരുതന്നെ തീകൂട്ടി തീറ്റസാമാനങ്ങള്‍ റെഡിയാക്കി. നാലുമണിയോടെ തീറ്റയും കുടിയും തുടങ്ങി....
രണ്ട് പെഗ്ഗ് ചെന്നതെ റോഹന്‍ പരിഭവവും സെന്റിമെന്‍സും തുടങ്ങി. കൂടെ ചെല്ലണമെന്ന് വാശിപിടിച്ചു. വയറ്റിലെ ജലനിരപ്പ് കൂടുന്നതനുസരിച്ച് പലപല മൂഡുകള്‍ കുട്ടികള്‍ക്ക് മാറി വന്നു. സംഗീതത്തിന്റെ മൂഡ് വന്നപ്പോള്‍ വേണു പാടി..സന്ദീപ് മേശയില്‍ തബല കൊട്ടി. റോയി മൂക്ക് അടച്ച് പിടിച്ച് മോര്‍ശംഖ് വായിച്ചു...പിന്നെ ഒരു പെണ്‍കുട്ടി കന്യകയാണോ അല്ലയോ എന്ന് അവളുടെ നടത്തത്തില്‍ നിന്ന് എങ്ങനെ കണ്ടുപിടിക്കാം എന്ന വിഷയത്തില്‍ അഗാധമായ ഒരു ചര്‍ച്ച...ലിസിയാന്റി എന്ന പോസ്റ്റിറ്റിയൂട്ടിന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥത....മദ്യത്തില്‍ ചെര്‍ക്കുന്ന കളര്‍ പതിമുഖമാണത്രെ....ഇറച്ചിക്ക് രുചിയുള്ളത് ചോരകൊണ്ടാണുപോലും....ഇതുപോലെ ഒരുപാട് കമ്പനി കൂടിയിട്ടുള്ളതുകൊണ്ടും പല വിഷയങ്ങള്‍ ഇങ്ങനെ മേശക്ക് ചുറ്റുമിരുന്ന് സംസാരിച്ചിട്ടുള്ളതുകൊണ്ടും സാമുവല്‍ അങ്കിളിന് എല്ലാം ഒരു കാഴ്ച്ചയായിരുന്നു...രസമുള്ള ഒരു കാഴ്ച്ച....
എല്ലാ വൈകുന്നേരങ്ങളിലും അങ്കിളിന്റെ നിത്യ സന്ദര്‍ശകരായിരുന്നു ലൈലയും മജ്‌നുവും...രണ്ട് പ്രാവുകള്‍..! എന്നും അഞ്ച് പതിനഞ്ചിന് കറക്ടായി അവര്‍ വരും. അവര്‍ക്കുള്ള ധാന്യങ്ങള്‍ അങ്കിള്‍ വാങ്ങി വച്ചിട്ടുണ്ട്. കരിങ്കല്ലുകൊണ്ട് കെട്ടിയ കെട്ടിടത്തിന്റെ തണുപ്പ് തങ്ങിനില്‍ക്കുന്ന മിക്ക മുറികളും അവരുടെ മണിയറകളാണ്. ലൈല പെട്ടന്ന് ഇണങ്ങില്ല. അവള്‍ സംശയത്തോടെ ജനലിങ്കല്‍ ചിറക് വിരിച്ച് നില്‍ക്കുമ്പോള്‍ മജ്‌നു ശങ്കയില്ലാതെ പറന്നുവന്ന് തോളിലിരിക്കും...കയ്യില്‍ നിന്നും ധാന്യമണികള്‍ കൊത്തിത്തിന്നും. കുറേക്കഴിയുമ്പോള്‍ ലൈലയും മടിച്ച്മടിച്ച് വരും. പക്ഷെ കയ്യൊന്നനക്കിയാല്‍ അവള്‍ പറന്നുപോകും....
അവര്‍ക്കുമാത്രമെ സാമുവല്‍ അങ്കിള്‍ പേരിട്ടൊള്ളു. അവരെ പേരുവിളിച്ചപ്പോള്‍ അങ്കിളിന് കുറ്റബോധം തോന്നി. എന്തിനാണ് പേരിടുന്നത് എന്ന് സ്വയം ചോദിച്ചു. ഓരോ ജീവനും അനന്തവും അഗാധവുമാണ് എന്നും അജ്ഞാതമായിരിക്കുന്ന ഒന്നിന് പേരിടുന്നത് ഒരു കള്ളത്തരമല്ലെ...! എനിക്കറിയാം അത് ലൈലയാണെന്ന് പറയാന്‍ മാത്രം...സത്യത്തില്‍ ലൈല ആരെന്നും എന്തെന്നും ആര്‍ക്കറിയാം...?! വേറെയും ഒരുപാട് സുഹൃത്തുക്കളുണ്ട് പക്ഷികളായും മരങ്ങളായും താഴ്ന്ന് പറക്കുന്ന മേഘങ്ങളായും.....അവര്‍ക്കൊന്നും പേരിട്ടില്ല...ചുമ്മാ കാണുകയും കേള്‍ക്കുകയും ചെയ്തു....നല്ല രസമാണ് പക്ഷെ...
സമയം അഞ്ചേകാലായതെ ലൈലയും മജ്‌നുവും ജനലില്‍ പ്രത്യക്ഷപ്പെട്ടു. മജ്‌നു പറന്നുവന്ന് അങ്കിളിന്റെ തോളിലിരുന്നു. ദേ ഒരു പ്രാവ്......
വേണു പറഞ്ഞു.
ഒന്നല്ലെടാ രണ്ടെണ്ണമുണ്ട്....
റോഹന്‍ പറഞ്ഞു. സാമുവല്‍ അങ്കിള്‍ മുന്നിലെ പ്ലെയിറ്റില്‍ നിന്ന് മിക്‌സ്ചര്‍ എടുത്ത് മജ്‌നുവിന്റെ മുന്നില്‍ പിടിച്ചു. അവന്‍ രണ്ടുമൂന്ന് കോത്തിത്തിന്നു. കുട്ടികള്‍ അത്ഭുതപ്പെട്ട് നോക്കിയിരുന്നു. പുതിയ ആള്‍ക്കാരെ കണ്ടിട്ടും മജ്‌നുവിന് ഒരു പരിഭ്രമവും കണ്ടില്ല. ലൈല പതിവുപോലെ ജനലില്‍ തന്നെ ഇരുന്നതേയുള്ളു.
റോഹന്‍ കൈ നീട്ടിയപ്പോള്‍ മജ്‌നു ഒരു കൊമ്പില്‍ നിന്നും മറ്റൊരു കൊമ്പിലേക്ക് കയറുന്നതുപോലെ റോഹന്റെ കയ്യില്‍ കയറിപ്പോയി. റോഹന്‍ മജ്‌നുവിനെ തലോടി. സന്ദീപ് മജ്‌നുവിനെ വാങ്ങി ഒരു പെഗ്ഗ് അവന്റെ ചുണ്ടോട് അടുപ്പിച്ചു. ഒന്ന് കൊത്തിയിട്ട് അവന്‍ തല തിരിച്ചുകളഞ്ഞു. എല്ലാരും ചിരിച്ചു. റോയ് സന്ദീപിന്റെ കയ്യില്‍ നിന്നും മജ്‌നുവിനെ വാങ്ങി. എല്ലാവരുടേയും മുഖത്തെ പുഞ്ചിരിയിലേക്ക് റോയ് നിര്‍വ്വികരമായി നോക്കി. പിന്നെ പെട്ടന്ന് മജ്‌നുവിന്റെ കൊക്കില്‍ പിടിച്ച് ഒരു ചുള്ളിക്കമ്പുപോലെ ഒടിച്ചു. ആര്‍ക്കും ഒന്നും മനസ്സിലാകുന്നതിനുമുന്‍പ് റോയ് മജ്‌നുവിനെ കരിങ്കല്‍ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു...രാത്രിയില്‍ മുറ്റത്തിറങ്ങുമ്പോള്‍ അറിയാതെ മുറ്റത്ത് കിടന്ന പാവയില്‍ കയറി ചവിട്ടുമ്പോള്‍ കേള്‍ക്കുന്നതുപോലൊരു കരച്ചില്‍ മാത്രം പ്തും എന്ന ശബ്ദത്തിനൊപ്പം മജ്‌നുവില്‍നിന്ന് കേട്ടു.....ആ കരച്ചില്‍ മജ്‌നുവിന്റേതായിരുന്നോ അതോ ആ കരിങ്കല്‍ ഭിത്തിയുടേതായിരുന്നോ....!? ആരും ഒന്നും മിണ്ടിയില്ല. റോയ് പറഞ്ഞു.
വറത്തോണ്ടുവാടാ...വേണൂ..ശരിക്ക് കുരുമൊളക് ചേര്‍ക്കണം...
റോയ് അങ്കിളിനോട് പറഞ്ഞു.
കേട്ടൊ അങ്കിളെ നമ്മടെ വേണു ഒരു നല്ല നളനാ..എ ക്ലാസ്സായി കുക്ക് ചെയ്യും...
അല്‍പ്പസമയത്തിനുള്ളില്‍ മജ്‌നു പുതിയ രുപത്തില്‍ പ്ലൈറ്റില്‍ മുന്നില്‍ വന്നു. ചെറുനാരങ്ങയും സവാളയും കൊണ്ട് വേണു പ്ലൈറ്റ് അലങ്കരിച്ചിരുന്നു...അടുത്ത ഫുള്ള് പൊട്ടി. റോയ് എല്ലില്‍ നിന്നും മാംസം കടിച്ച് ഈമ്പിയെടുത്തിട്ട് എല്ല് കടിച്ച് പൊട്ടിച്ച് ചോക്ലേറ്റ് നിറത്തിലുള്ള മജ്ജ വലിച്ച് നുണഞ്ഞിട്ട് വെളുത്ത് ഉടഞ്ഞ എല്ലിന്‍ കഷണം ലൈലയുടെ മുന്നിലേക്ക് എറിഞ്ഞിട്ടു......സാമുവലങ്കിള്‍ കസേരയോടെ പുറകോട്ട് മറിഞ്ഞ് വീണു. അങ്കിളിനെ പൊക്കിയിരുത്തുന്നതിനിടയില്‍ റോഹന്‍ പറഞ്ഞു.
അങ്കിള്‍ ഓവറായി.....

2009, ജൂൺ 11, വ്യാഴാഴ്‌ച

പഴയ ലിപി

അവന്‍ ഗ്രാമത്തില്‍ നിന്ന്‌ പലഹാരങ്ങളും പരിഭവങ്ങളുമായി എന്നെ കാണാന്‍ വന്നു. രാത്രി....പതയുന്ന ബിയറിന്‌ ഇരുവശത്തുമിരുന്ന്‌ ടൈ അയച്ചിട്ടുകൊണ്ട്‌ ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷം ഞാന്‍ അവനോട്‌ സത്യം പറയുകയാണ്‌...
വാക്കുകളുടെ ചപ്പുകൂന ഉഴുതുമറിച്ച്‌ മൂര്‍ച്ചയുള്ള ചില്ലക്ഷരങ്ങള്‍ ഒഴിവാക്കി സ്‌പോഞ്ചുപോലുള്ള വാക്കുകള്‍കൊണ്ട്‌ വേണം പറയാന്‍....
ഐ സി യൂവിലെ മോനിട്ടറില്‍ തെളിയുന്ന കുത്തിവരപോലുള്ള രോഗിയുടെ ഹൃദയഭാഷ നിനക്ക്‌ മനസ്സിലാകുമോ...?!
തൊണ്ടിപ്പഴം പോലുള്ള സൂര്യനേയും കറുത്ത ന പോലുള്ള പക്ഷികളേയും വരച്ചും മായ്‌ച്ചും പിഞ്ഞിപ്പോയ ചക്രവാളവും നമ്മള്‍ പുതച്ചുറങ്ങിയ നക്ഷത്രപ്പൊട്ടുകളുള്ള ആകാശവും പാറക്കുമുകളില്‍ ഇന്നുമുണ്ടാവും....പക്ഷെ നമ്മള്‍ ഇല്ലല്ലോ.....!
കളിവാക്കുകള്‍ കപ്പല്‍കയറിയത്‌ നീ കണ്ടില്ലേ....!?
ബോറന്‍ യാത്രകളില്‍ കൈമോശം വന്ന നമ്മുടെ പഴയ ഭാഷ മറവിയുടെ ചേറില്‍ പുതഞ്ഞുപോയി....നിന്റെ നിശ്വാസങ്ങളും പരിഭവങ്ങളും അവയെ തിരയുന്ന പാതാളക്കരണ്ടികളാണെങ്കിലും വെറുതെയാണ്‌.....നമ്മള്‍ ആ ഭാഷ മറന്നുപോയി....
നമ്മള്‍ വച്ച കാലടികളെ പിന്നില്‍ നമ്മുടെ ഇരുണ്ട നിഴല്‍ മായ്‌ക്കുന്നുണ്ട്‌......നീ തിരികെ പോകുമ്പോള്‍ ഈ നഗരത്തിലേക്കുള്ള വഴി മറവിയുടെ കൊക്കയില്‍ എറിയുക.....കൂടെയാപഴയ ചിത്രവും......അത്‌ ഞാനല്ല...!!

2009, ജൂൺ 6, ശനിയാഴ്‌ച

രാത്രിവണ്ടി Raathrivandi

ടൗണില്‍നിന്നുള്ള അവസാനത്തെ വണ്ടിയായിരുന്നു അത്‌. രാത്രി ഒമ്പതരക്ക്‌ അത്‌ പട്ടണത്തില്‍ നിന്നും പോരും. ലാസ്റ്റ്‌ വണ്ടിയായിരുന്നതുകൊണ്ട്‌ എന്നും നല്ല തിരക്കായിരിക്കും. പ്രൈവറ്റ്‌ കമ്പനികളില്‍ ജോലി ചെയ്യുന്നവരും ചുമട്ടുകാരും സിനിമക്ക്‌ പോകുന്ന വേശ്യകളും ആ വണ്ടിക്കാണ്‌ തിരിച്ച്‌ പോരുന്നത്‌...
കാലുകുത്താന്‍ ഇടമില്ലാതെ കമ്പിയില്‍ തൂങ്ങി നിന്നു. പോക്കറ്റടി നിത്യ സംഭവമായിരുന്നതുകൊണ്ട്‌ ഒരു കൈകൊണ്ട്‌ പോക്കറ്റില്‍ പിടിക്കണം...ഒരു കൈകൊണ്ടുവേണം തൂങ്ങി നില്‍ക്കാന്‍..!
ഏതാനും ദിവസം മുന്‍പ്‌ ബസ്സില്‍ വച്ച്‌ ഒരാളുടെ പോക്കറ്റടിച്ചുപോയി. അപരിചിതനായ ആ മനുഷ്യന്റെ ബസ്സ്‌ ചാര്‍ജ്ജ്‌ ഞാന്‍ കൊടുത്തില്ലായിരുന്നു എങ്കില്‍ അയാളെ കണ്ടക്‌ടര്‍ ഇറക്കി വിട്ടേനെ..കഴിഞ്ഞ ദിവസം ആ മനുഷ്യനെ ഞാന്‍ കണ്ടു. അയാള്‍ എന്നെയും കണ്ടു. ഒരു സണ്‍ ഗ്ലാസ്സും വച്ച്‌ ഗൗരവത്തില്‍ ഇരിക്കുകയാണ്‌. പരിചയഭാവത്തില്‍ ഒരു ചിരിയൊ നന്ദിയോടെ ഒരു നോട്ടമൊ ഞാന്‍ പ്രതീക്ഷിച്ചു....! അതാണ്‌ ഈ നാട്‌..!
ബസ്സ്‌ കൂലി കൊടുക്കാന്‍ പേഴ്‌സ്സ്‌ തുറന്നാല്‍ ഒരായിരം കണ്ണുകളഅ# പേഴ്‌സ്സിനുള്ളിലെ നോട്ടുകളില്‍ കൊത്തിവലിക്കും. പിന്നെ എന്നോടല്ലാതെ മറ്റാരോട്‌ ചോദിച്ചാലും വണ്ടിക്കൂലികഴിഞ്ഞ്‌ എന്റെ കയ്യില്‍ എത്ര രൂപയുണ്ടെന്ന്‌ കൃത്യമായി പറഞ്ഞുതരും..!
~ഒരുകാലത്ത്‌ ഈ ബസ്സിന്റെ സീറ്റുകളുടെയടിയില്‍ സ്‌പീക്കറുകള്‍ ഉണ്ടായിരുന്നു എന്നാണ്‌ കഥ! അവയെല്ലാം താമസംവിനാ കഴിവ്‌ തെളിയിച്ച കലാകാരന്മാര്‍ ഇരുചെവിയറിയാതെ..ഇരുകണ്ണറിയാതെ അഴിച്ചുകൊണ്ടുപോയി...!
ബസ്സ്‌ മെയിന്‍ റോഡില്‍ നിന്നും നാട്ടുവഴിയിലേക്ക്‌ പ്രവേശിച്ചു. തലകുമുകളില്‍ ഒരു മഞ്ഞ ലൈറ്റ്‌ മങ്ങിക്കത്തുന്നുണ്ട്‌. ഓരോ സ്റ്റോപ്പിലും ജനം ഇരുളിലേക്ക്‌ ചോര്‍ന്നുവീണു. തിരക്ക്‌ കുറഞ്ഞപ്പോഴേക്കും ബസ്സിലേക്ക്‌ തണുത്ത കാറ്റടിച്ചുകയറി. എന്തൊരാശ്വാസം..! ഇത്‌ ഫോറസ്റ്റ്‌ ഏരിയായാണ്‌. കാറ്റിന്‌ ഔഷധഗുണമുണ്ടൊ ആവൊ..! ആദിവാസികള്‍ കെട്ടുകണക്കിന്‌ പച്ചമരുന്നുകളുമായി കാട്ടില്‍ നിന്ന്‌ ഇറങ്ങി വരുന്നത്‌ കണ്ടിട്ടുണ്ട്‌...വണ്ടി നിന്നു. പുറത്തേക്ക്‌ നോക്കി. റെയില്‍വേ ക്രോസാണ്‌. പത്തുമിനിട്ട്‌ കഴിഞ്ഞേ പോകൂ..
ഇവിടെ തൊണ്ണൂറ്‌ ശതമാനം ജനങ്ങളും നിരക്ഷരരാണ്‌. ഒന്ന്‌ സംസാരിക്കാന്‍ പോലും ആരുമില്ല. ബാക്കി പത്ത്‌ ശതമാനം സാക്ഷരര്‍ എവിടെ പോയി പോലും...! പട്ടണത്തില്‍ വല്ലോ മുതലാളിമാര്‍ക്കും കണക്കെഴുത്തായിരിക്കും..! വെറുതെ കമ്പിയില്‍ തൂങ്ങിനിന്നു. ചുറ്റും നോക്കിയപ്പോഴാണ്‌ കണ്ടത്‌ ഞാന്‍ മാത്രമെ നില്‍ക്കുന്നൊള്ളു.! ഇരിക്കുന്നവര്‍ എന്തൊക്കയോ ഓര്‍ത്തുകൊണ്ട്‌ അവരവരുടെ ലോകങ്ങളിലാണ്‌..
അപ്പോളാണ്‌ ഒരു ചിരി കേട്ടത്‌, ഒരു സ്‌ത്രീയുടേതാണ്‌..അടുത്ത്‌ ഒരു പുരുഷനുമുണ്ട്‌. അയാളെ ശരിക്ക്‌ കാണാന്‍ വയ്യ. രണ്ടുപേരും എന്തോ മൃദുലമായ സ്വകാര്യങ്ങള്‍ പറഞ്ഞ്‌ രസ്സിക്കുകയാണ്‌..! മുന്നിലെ സീറ്റിന്റെ കമ്പിയില്‍ പിടിച്ചിരിക്കുന്ന അയാളുടെ കറുത്ത്‌ തടിച്ച കൈപ്പത്തിയും കുറുകിയ വിരലുകളും കണ്ടപ്പോള്‍ ഞാന്‍ അയാളെ തിരിച്ചറിഞ്ഞു...!
ഒരിക്കല്‍ എന്റെ പോക്കറ്റടിക്കാന്‍ ശ്രമിച്ചതാണ്‌...! അന്നും നല്ല തിരക്കായിരുന്നു. പോക്കറ്റിനുമുകളില്‍ നല്ല മര്‍ദ്ദം..ഞാന്‍ തിരിഞ്ഞുനോക്കി. എന്റെ മുഖത്തിനു തോട്ടടുത്ത്‌ അര്‍ത്ഥ വൃത്താകൃതിയിലുള്ള അവന്റെ തല..ചുവന്നുരുണ്ട കണ്ണുകള്‍...ബസ്സിനുള്ളിലെ മങ്ങിയ വെളിച്ചത്തില്‍ അവന്‍ ഒരു മഞ്ഞ നിറത്തില്‍ ചിരിച്ചു. അവന്റെ മലീമസമായ ഉച്ഛ്വാസവായു എന്റെ മുഖത്തടിച്ചു...അവന്‍ പേഴ്‌സ്സില്‍ നിന്ന്‌ വിട്ടില്ല. ആള്‍ക്കാരുടെയിടയിലൂടെ ഞാന്‍ തിക്കിത്തിരക്കി മുന്നോട്ട്‌ പോയി. എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു....
അവന്റെയടുത്തിരുന്ന്‌ ചെറിയ ശബ്‌ദത്തില്‍ എന്തോ പറഞ്ഞ്‌ ചിരിക്കുന്ന ആ സ്‌ത്രീയെ ഞാന്‍ എവിടയോ കണ്ടിട്ടുണ്ട്‌....!
അവന്റെ കൂടെ കാണപ്പെടുന്ന സ്‌ത്രീകള്‍ സാധാരണ മൂന്നാം തരം വേശ്യകളായിരിക്കും...പട്ടത്തിപ്പൂക്കള്‍ തലയില്‍ ചൂടി, മുറുക്കാന്‍ ചണ്ടി ചവക്കുന്ന, വിയര്‍പ്പുനാറുന്ന വേശ്യകള്‍...
പക്ഷെ ഈ സ്‌ത്രീ ഒരു വേശ്യയാകാന്‍ വഴിയില്ല...എന്തൊരൈശ്വര്യമാണ്‌ ആ മുഖത്തിന്‌..! എവിടയോ കണ്ടിട്ടുള്ളതുപോലെ....! ഒരുപക്ഷെ ഭാര്യയായിരിക്കും..രാക്ഷസ്സന്റെ കൊള്ളരുതായ്‌മകളൊന്നും അറിയാത്ത ചാരിത്ര്യവതിയും നല്ലവളുമായ ഭാര്യ..!
ബസ്സിനെ വിറപ്പിച്ചുകൊണ്ട്‌ ട്രെയിന്‍ കടന്നുപോയി. ഇനി കാട്ടിലൂടെയാണ്‌ യാത്ര.
കാടാണെങ്കിലും ആള്‍ത്താമസമുണ്ട്‌. പട്ടയം കിട്ടാത്ത ഭൂമിയാണ്‌. ശരറാന്തലുകള്‍ തൂക്കിയിട്ട മുറുക്കാന്‍ പീടികകള്‍..ചില സ്റ്റോപ്പില്‍ കാണാം. ചരിത്രാതീത കാലത്തെങ്ങോ ടാര്‍ ചെയ്‌ത റോഡാണ്‌. പക്ഷെ അതൊന്നും പരിഗണിക്കാതെ നല്ല സ്‌പീഡിലാണ്‌ ബസ്സിന്റെ പോക്ക്‌. പാട്ടകള്‍ വിറക്കുന്ന ഒരു സ്വരം പുറപ്പെടുവിച്ചുകൊണ്ടിരുന്നു...
അടുത്തയാഴ്‌ച്ച അവധിയെടുക്കുന്നതും നാട്ടില്‍ പോകുന്നതും ആലോചിച്ച്‌ ഞാന്‍ നിന്നു. ഒരു സ്റ്റോപ്പില്‍ ബസ്സ്‌ നിന്നു. ഒരു സുഗന്ധം എന്നെ കടന്നുപോയി. ആ സ്‌ത്രീയാണ്‌...മുടിയില്‍ പൂ ചൂടി, പച്ചപ്പട്ടുചുറ്റി ഒരിളം കാറ്റുപോലെ അവര്‍ എന്നെ കടന്നുപോയി...ഭര്‍ത്താവിനെ കൂടാതെ പോകുകയാണൊ..? ഞാന്‍ സ്വയം അത്ഭുതപ്പെട്ടു. ങാ ചിലപ്പോള്‍ ബന്ധുക്കാരിയായിരിക്കും. ഞാന്‍ പുതിയ ഊഹങ്ങള്‍ നടത്തി.
ഇപ്പോള്‍ അയാള്‍ ഒറ്റക്കാണ്‌. അവരിരുന്ന സീറ്റ്‌ ഒഴിഞ്ഞുകിടക്കുന്നു. ഇരിക്കണമൊ വേണ്ടയൊ എന്ന്‌ ഞാന്‍ ഒന്ന്‌ ശങ്കിച്ചു. ഇരുന്നില്ലെങ്കില്‍ അത്‌ എന്റെ ഭീരുത്വമാണ്‌ കാണിക്കുന്നത്‌. ഇത്‌ എന്റെ ധീരതയുടെ പ്രശ്‌നമാണ്‌. ഇരിക്കാന്‍ തന്നെ തീരുമാനിച്ചു.
അയാള്‍ സീറ്റിന്റെ മുക്കാല്‍ ഭാഗത്തോളം നിറഞ്ഞിരുന്നു. ബാക്കിയുള്ള കാല്‍ ഭാഗത്തില്‍ അല്‍പ്പസ്ഥലം ഞങ്ങള്‍ തമ്മില്‍ മുട്ടാതിരിക്കാന്‍ ഒരു ഗ്യാപ്പിനുവേണ്ടി വിനിയോഗിച്ചു. ബാക്കിയുള്ള സ്ഥലത്ത്‌ ഒരു ചന്തി പ്രതിഷ്‌ഠിച്ച്‌ ബാലന്‍സ്‌ ചെയ്‌ത്‌ ഗരുഡാസനത്തില്‍ ഞാന്‍ ഇരുന്നു. ആതിലും ഭേദം നില്‍ക്കുന്നതായിരുന്നു. പക്ഷെ ഇതെന്റെ ധീരതയുടെ പ്രശ്‌നമല്ലെ..ഇരിക്കാതിരിക്കാന്‍ വയ്യ..!
രാക്ഷസന്‍ നല്ല ഉറക്കത്തിലാണ്‌. മുഖമൊന്ന്‌ വ്യക്തമായി കാണാനും വയ്യ..ഇരുട്ടാണ്‌..മടിയില്‍ ഒരു പോതിയുണ്ട്‌..ഞാന്‍ ഏറുകണ്ണിട്ടുനോക്കിയാണ്‌ ഇത്രയും മനസിലാക്കിയത്‌. പിന്നെ അയാളെ ശ്രദ്ധിക്കാതെ നേരേ നോക്കിയിരുന്നു.
ആലിന്‍ചുവട്‌വരെയേ ബസ്സൊള്ളു. അതിനുമുന്‍പുള്ള സ്റ്റോപ്പില്‍ എനിക്കിറങ്ങണം. പിന്നെയും ഒന്നുരണ്ട്‌ സ്റ്റോപ്പില്‍ ബസ്സ്‌ നിര്‍ത്തി. യാത്രക്കാരായി ഇപ്പോള്‍ ഞാനും രാക്ഷസനും മാത്രമേയൊള്ളു. കണ്ടക്‌ടറും കിളിയും മുന്നില്‍ പോയിരുന്ന്‌ ഡ്രൈവറോട്‌ എന്തോ പറഞ്ഞ്‌ ചിരിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു വളവ്‌ വന്നപ്പോള്‍ ബെകന്‍ എന്റെ ദേഹത്തേക്ക്‌ ചാഞ്ഞു. കക്ഷി നല്ല ഉറക്കത്തിലാണ്‌. അടുത്ത വളവില്‍ ചെരിഞ്ഞ ഗോപുരം നേരെയായി...!
എന്റെ സ്ഥലമടുത്തപ്പോള്‍ ഞാന്‍ എഴുന്നേറ്റ്‌ ചെന്ന്‌ പാട്ടയിലടിച്ച്‌ ശബ്‌ദമുണ്ടാക്കി. കിളി രസം പിടിച്ച സംസാരത്തില്‍നിന്ന്‌ തിരിഞ്ഞ്‌നോക്കി എന്നിട്ട്‌ ഡ്രൈവര്‍ക്ക്‌ സിഗ്നല്‍ കൊടുത്തു. വണ്ടി നിന്നു. ഡോറെന്ന സാധനം വണ്ടിക്കില്ലാതിരുന്നതുകൊണ്ട്‌ കിളിയുടെ സഹായമില്ലാതെ പുറത്തിറങ്ങി. വാടക വീട്ടിലേക്ക്‌ ഞാന്‍ ടോര്‍ച്ചും മിന്നിച്ച്‌ നടന്നു...
പിറ്റേദിവസത്തെ വാര്‍ത്തയറിഞ്ഞപ്പോഴാണ്‌ എന്റെ കണ്ണില്‍ എരുട്ട്‌ കയറിയത്‌...എന്റെ അടുത്തിരുന്ന മനുഷ്യന്റെ മടിയില്‍ ഒരു പൊതി മാത്രമായിരുന്നില്ല ...നെഞ്ചില്‍ ഒരു ആഴ്‌ന്നിറങ്ങിയ ഒരു കഠാരയുമുണ്ടായിരുന്നു....! ഇരുട്ടില്‍ ഞാനത്‌ കണ്ടില്ല..!
വണ്ടി ആല്‍ച്ചുവട്ടിലെത്തിയപ്പോള്‍ ഉറങ്ങുകയാണെന്ന്‌ കരുതി കിളി ചെന്ന്‌ തോണ്ടി വിളിച്ചപ്പോള്‍ സീറ്റിലേക്ക്‌ മറിഞ്ഞുവീണു. പിന്നെ ഒച്ചപ്പാടും ബഹളവുമായി. അവരുടെ നിഗമനത്തില്‍ തൊട്ടുമുന്‍പുള്ള സ്റ്റോപ്പില്‍ ഒരാളിറങ്ങിപ്പോയി...അയാളാണത്രെ ഘാതകന്‍...! ഇരുട്ടായിരുന്നതുകൊണ്ട്‌ അവര്‍ എന്റെ മുഖം കണ്ടുകാണില്ല....!
അയാളുടെ കൂടെയിരുന്ന ഐശ്വര്യമുള്ള ആ മുഖം ഞാന്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു. എനിക്ക്‌ ഒരിക്കലും അത്‌ സാധിച്ചില്ല. ഉയരുന്ന പുകച്ചുരുളുകള്‍ പോലെ അത്‌ പലപല രൂപങ്ങള്‍ കൈക്കൊണ്ട്‌ അവ്യക്തതയിലേക്ക്‌ അലിഞ്ഞുപോലി.......!

2009, മേയ് 5, ചൊവ്വാഴ്ച

കാലന്‍കൂവല്‍ kaalankooval

കല്ല്യാണവീട്‌...സാറ്റ്‌ കളിക്കുന്ന സ്വപ്‌നങ്ങള്‍ ഒളിപ്പിച്ച കണ്ണുചിമ്മി വധു അവളെ ഒരുക്കുന്ന കൂട്ടുകാരിമാരുടെ നടുവില്‍....പിച്ചും പേയും പറഞ്ഞ്‌ തിളച്ച്‌ മറിയുന്ന പായസം....ആള്‍ത്തിരക്കുള്ള ബസ്സിലെ യുവതീയുവാക്കന്മാരേപ്പോലെ കൂട്ടിയിടിച്ച്‌ കലപില കൂട്ടുന്ന പാത്രങ്ങള്‍....വലിയ തിരക്കൊന്നുമില്ലെങ്കിലും ഭയങ്കര തിരക്കും ടെന്‍ഷനും അഭിനയിച്ച്‌ ഓടിനടക്കുന്ന ചില ബന്ധുക്കള്‍..ആഭരണങ്ങള്‍ക്കിടയില്‍ കഷ്‌ടിമാത്രം കാണാവുന്ന വധുവിനെ നോക്കി നെടുവീര്‍പ്പിടുന്ന ഒരു പാവപ്പെട്ട പെണ്‍കുട്ടി..തിരക്കുകുറഞ്ഞ ഒരു മൂലയില്‍ ഇരുന്ന്‌ കുഞ്ഞിന്‌ മുലകൊടുക്കുന്ന കഴിഞ്ഞ വര്‍ഷം വിവാഹം കഴിച്ച ഒരുവള്‍..പന്തല്‍ അലങ്കരിക്കുന്നതിനിടയിലും ഒരകന്ന ബന്ധുക്കാരിയെ പ്രതീക്ഷിച്ച്‌ ഇടക്കിടക്ക്‌ പുറത്തേക്ക്‌ നോക്കുന്ന ഒരു പൊടിമീശക്കാരന്‍..താലത്തിലിരിക്കുന്ന വെറ്റിലയെടുത്ത്‌ ഞെടുപ്പ്‌ നുള്ളി അറ്റം ഇറുത്ത്‌ ചെന്നിയില്‍ വച്ച്‌ ബാക്കി ഇന്‍ഗ്രേഡിയന്‍സും ചേര്‍ത്ത്‌ മുറുക്കി സമപ്രായക്കാരായ വൃദ്ധന്മാരോട്‌ വെടിപറഞ്ഞ്‌ ചിരിക്കുന്ന വധുവിന്റെ അച്ഛന്‍..ഓടിക്കളിക്കുന്ന കുട്ടികള്‍..അപ്പോള്‍ നിലത്തുവീണുകിടന്ന ഒരു ജമന്തിപ്പൂവിനുമുകളില്‍ ഒരു കുളമ്പ്‌ അമരുന്നു..! ചുമന്ന പ്ലാസ്റ്റിക്‌ കസേരയിലൂടെ തഴുകി കടന്നുപോകുന്ന, സമൃദ്ധമായി രോമങ്ങളുള്ള ഒരു വാല്‌..! തിണ്ണയില്‍ ശാന്തനായി കിടന്നിരുന്ന ജിമ്മി ദയനീയമായി മോങ്ങി..അവന്‌ കാണാം..മുറുക്കിക്കൊണ്ടിരുന്ന കാര്‍ന്നവര്‍ തല തിരിച്ച്‌ നോക്കി. പോത്തിനു മുകളില്‍ ഒരു ആഢ്യന്‍ പ്രഭു..! അദ്ദേഹത്തെ കണ്ട തല പിന്നെ തിരിഞ്ഞില്ല..കടവായില്‍ നിന്നും മുറുക്കാന്‍ തുപ്പല്‍ രക്തം പോലെ നിലത്തേക്ക്‌..വധുവിന്റെ അച്ഛന്‍ ക്ലോസ്സ്‌..!

പട്ടിയുടെ കാലന്‍കൂവല്‍ ഒരു കരച്ചിലുപോലെയാണ്‌... മരണത്തിന്റെ ദേവനോട്‌ പട്ടി തന്റെ യജമാനനുവേണ്ടി യാചിക്കുകയാണ്‌...പ്ലീസ്സ്‌ സാര്‍, ഈ പ്രാവശ്യം തിരിച്ചുപോകൂ..മറ്റൊരിക്കല്‍ വരൂ..സത്യസന്ധനും ആത്മാര്‍ത്ഥനും ആയ പട്ടിയുടെ അഭ്യര്‍ത്ഥന ചിലപ്പോള്‍ കാലന്‍ കേള്‍ക്കാറുണ്ടത്രെ.

ഞങ്ങളുടെ നാട്ടില്‍ ഒരു പട്ടിയുണ്ട്‌, ഡേവിഡ്‌..! അവന്‍ ആരുടേയും സ്വന്തമല്ല, എല്ലാവരുടേയുമാണ്‌..ഡേവിഡ്‌ ഒരു പൊതുപ്പട്ടിയാണ്‌! അവന്‍ സ്‌നേഹമുള്ളവനും സ്വതന്ത്രനുമാണ്‌. സ്‌കൂള്‍ കുട്ടികള്‍ അവന്‌ ബിസ്‌കറ്റ്‌ കൊടുക്കും..ഓരോ നേരവും ഓരോ വീട്ടില്‍ നിന്ന്‌ ഭക്ഷണം..ഭക്ഷണം കഴിഞ്ഞാല്‍ പിന്നാമ്പുറത്തുപോയി അല്‌പം വിറക്‌ വെട്ടിക്കീറാന്‍ അവനോട്‌ ആരും പറയില്ല. അവന്റെ സ്വാതന്ത്ര്യം പരക്കെ അംഗീകരിക്കപ്പെട്ടതാണ്‌. ഭക്ഷണം അവന്റെ അവകാശമാണ്‌. മറ്റ്‌ പട്ടികളേപ്പോലെ ചുമ്മാ കിടന്ന്‌ കുരക്കില്ല...എപ്പോഴും പെണ്‍പട്ടികളുടെ പുറകെ പോകില്ല..ഡേവിഡ്‌ പക്വതയുള്ളവനാണ്‌..!ഒരു രാത്രി ജോണിക്കുട്ടി അങ്കിളും മേരിയാന്റിയും തമ്മില്‍ പതിവുപോലെ ഉടക്കി. അവര്‍ക്ക്‌ കുട്ടികള്‍ ഇല്ലായിരുന്നു. അവര്‍ മാക്‌സിമം ശ്രമിച്ച്‌ പരാജയപ്പെട്ടു. ഓരോ രാത്രിയിലും ശ്രമം കഴിയുമ്പോള്‍ അങ്കിള്‍ നിരാശയോടെ എഴുന്നേറ്റ്‌ പോയി ഒരു പെഗ്ഗ്‌ ഒഴിച്ചുകൊണ്ട്‌ പറയും.

ഇതും വെറുതെയാ..!

ആന്റി ദേഷ്യപ്പെട്ട്‌ പറയും.

നിങ്ങള്‍ ആ നാക്കെടുത്ത്‌ വളക്കല്ലെ....

അങ്ങനെയാണ്‌ മിക്ക ദിവസവും വഴക്ക്‌ തുടങ്ങുന്നത്‌. കുറേനേരം വഴക്കുണ്ടാക്കി പിണങ്ങി ആന്റി തിരിഞ്ഞ്‌ കിടക്കും. രണ്ട്‌ ഓണ്‍ ദ റോക്‌സും വിട്ട്‌ അങ്കിള്‍ വന്ന്‌ ഇരുട്ടിലേക്ക്‌ നോക്കി കിടക്കും. രാത്രി ഏറെച്ചെല്ലുമ്പോള്‍ അങ്കിള്‍ ആന്റിയുടെ തോളത്തുതട്ടി പറയും.

പോട്ടെടീ മേരിക്കുട്ടീ....

അത്‌ കേള്‍ക്കാന്‍ ആന്റി ചെവിയോര്‍ത്തുകിടക്കും. ഗോള്‍ക്കോണ്ടാ ബ്രാണ്ടിയുടെ ചുടുനിശ്വാസം നെറ്റിയിലടിച്ച്‌ ആന്റി ഉറങ്ങും...എട്ടുപത്ത്‌ വര്‍ഷങ്ങളായി ഇതാണ്‌ പതിവ്‌..അങ്ങനെ അന്നുരാത്രിയും പതിവുപോലെ ആന്റി പിണങ്ങി തിരിഞ്ഞ്‌ കിടന്നു. രണ്ട്‌ പെഗ്ഗിനുശേഷം അങ്കിള്‍ വന്നു കിടന്നു. കുറേനേരം ഇരുട്ടിലേക്ക്‌ നോക്കിക്കിടന്നിട്ട്‌ അങ്കിള്‍ ആന്റിയോട്‌ പറഞ്ഞു.

പോട്ടടീ മേരിക്കുട്ടീ...

അന്ന്‌ അങ്കിള്‍ പതിവില്‍ കൂടുതല്‍ തീഷ്‌ണമായ ഭാഷ ഉപയോഗിച്ചായിരുന്നു ശകാരിച്ചത്‌. അത്‌ കേട്ട്‌ ആന്റി കരഞ്ഞുപോയിരുന്നു. എട്ടുവര്‍ഷമായുള്ള ആ വിളി കേള്‍ ക്കാത്തതുപോലെ ആന്റി കിടന്നു.ചില പതിവുകള്‍ തെറ്റുമ്പോള്‍ മനുഷ്യന്‍ പാടെ തകര്‍ന്നുപോകും...പതിവുകളല്ലെ മനുഷ്യനെ ജീവിപ്പിക്കുന്നത്‌..ചില പതിവുകളുടെ താളപ്പിഴവുകളിലാണ്‌ ഭ്രാന്ത്‌ കുടിയിരിക്കുന്നത്‌...ഇരുട്ടിലേക്ക്‌ നോക്കിക്കിടന്നപ്പോള്‍ ജോണിക്കുട്ടി അങ്കിളിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സഹിക്കാനാവാത്ത നിശബ്‌ദത..പെട്ടന്നാണ്‌ ഡേവിഡിന്റെ നിലവിളി കാതില്‍ വന്നലച്ചത്‌..അസഹ്യമായ കാലന്‍കൂവല്‍...അങ്കിള്‍ മുറിയിലൂടെ ഉലാത്തി..ജനല്‍ ചേര്‍ത്തടച്ചു. പക്ഷെ വാതിലിന്റെ താക്കോല്‍ പഴുതിലൂടെ ഡേവിഡിന്റെ ദയനീയമായ മോങ്ങല്‍...! അര മണിക്കൂര്‍ കഴിഞ്ഞു. അങ്കിളിന്റെ കണ്ണുകള്‍ ചുവന്ന്‌ കലങ്ങി... ശ്വാസം വേഗത്തിലായി... അലമാര തുറന്ന്‌ അനിയന്‍ തോമസുകുട്ടി തന്ന പിസ്റ്റള്‍ എടുത്ത്‌ അരയില്‍ തിരുകി. ബ്‌ളാങ്കെറ്റ്‌ പുതച്ചുകൊണ്ട്‌ പുറത്തിറങ്ങി. നല്ല കാറ്റുണ്ടായിരുന്നു. തണുത്തുറഞ്ഞ നിശബ്‌ദമായ രാത്രിയില്‍ ഡേവിഡിന്റെ കൂവലിന്‌ ശ്രുതിയിടുന്ന കാറ്റിന്റെ ശീല്‍ക്കാരം...അല്‍പം നടന്നപ്പോള്‍ കണ്ടു..ഒരു പാറപ്പുറത്തിരുന്ന്‌ കരിമേഘങ്ങളിലേക്ക്‌ ഭയപ്പാടോടെ നോക്കി വിലപിക്കുന്ന ഡേവിഡ്‌.... ബ്ലാങ്കെറ്റിനുള്ളില്‍ കൈകടത്തി ജൂബ്ബാപോക്കി എളിയില്‍ നിന്നും തോക്കെടുത്തു. മൂന്ന്‌ പ്രാവശ്യം ഷൂട്ട്‌ ചെയ്യേണ്ടിവന്നു ആ നശിച്ച നിലവിളി നിശേഷം നില്‍ക്കാന്‍......തിരികെ നടന്നപ്പോള്‍ അങ്കിള്‍ വല്ലാതെ കിതച്ചു.രാവിലെ ഉണര്‍ന്നപ്പോള്‍ അല്‍പം വൈകി. രാത്രി ഒരുപാട്‌ വലിച്ചുകേറ്റിയതുകൊണ്ട്‌ തലക്ക്‌ നല്ല കനം..ഫ്രിഡ്‌ജ്‌ തുറന്ന്‌ കുറെ ഐസ്സ്‌ വെള്ളം തൊണ്ടയിലേക്കൊഴിച്ചു. ആന്റി അപ്പോഴും ഉണര്‍ന്നിരുന്നില്ല....അങ്കിള്‍ ചെന്ന്‌ നോക്കി. അതേ കിടപ്പില്‍ തന്നെ..പിന്നെയാണ്‌ മനസ്സിലായത്‌...ആന്റി രാത്രിതന്നെപോയിരുന്നു...!

ആന്റിയുടെ ശവസംസ്‌കാരത്തിന്‌ ബന്ധുക്കള്‍ ചുറ്റുമിരുന്ന്‌ കരഞ്ഞപ്പോള്‍ അങ്കിള്‍ പെട്ടന്ന്‌ എന്തോ ഓര്‍ത്ത്‌ പുറത്തേക്ക്‌ ഓടി...പാറപ്പുറത്ത്‌ വെടിയേറ്റ്‌...ഉറുമ്പാര്‍ത്ത്‌ ഡേവിഡ്‌ ചത്തുകിടപ്പുണ്ടായിരുന്നു. അങ്കിള്‍ അരികത്തിരുന്ന്‌ അവന്റെ ശിരസ്സില്‍ തലോടിക്കൊണ്ട്‌ ഇടറിയ സ്വരത്തില്‍ പറഞ്ഞു. ഞാനറിഞ്ഞില്ല........!