2009, മേയ് 5, ചൊവ്വാഴ്ച

കാലന്‍കൂവല്‍ kaalankooval

കല്ല്യാണവീട്‌...സാറ്റ്‌ കളിക്കുന്ന സ്വപ്‌നങ്ങള്‍ ഒളിപ്പിച്ച കണ്ണുചിമ്മി വധു അവളെ ഒരുക്കുന്ന കൂട്ടുകാരിമാരുടെ നടുവില്‍....പിച്ചും പേയും പറഞ്ഞ്‌ തിളച്ച്‌ മറിയുന്ന പായസം....ആള്‍ത്തിരക്കുള്ള ബസ്സിലെ യുവതീയുവാക്കന്മാരേപ്പോലെ കൂട്ടിയിടിച്ച്‌ കലപില കൂട്ടുന്ന പാത്രങ്ങള്‍....വലിയ തിരക്കൊന്നുമില്ലെങ്കിലും ഭയങ്കര തിരക്കും ടെന്‍ഷനും അഭിനയിച്ച്‌ ഓടിനടക്കുന്ന ചില ബന്ധുക്കള്‍..ആഭരണങ്ങള്‍ക്കിടയില്‍ കഷ്‌ടിമാത്രം കാണാവുന്ന വധുവിനെ നോക്കി നെടുവീര്‍പ്പിടുന്ന ഒരു പാവപ്പെട്ട പെണ്‍കുട്ടി..തിരക്കുകുറഞ്ഞ ഒരു മൂലയില്‍ ഇരുന്ന്‌ കുഞ്ഞിന്‌ മുലകൊടുക്കുന്ന കഴിഞ്ഞ വര്‍ഷം വിവാഹം കഴിച്ച ഒരുവള്‍..പന്തല്‍ അലങ്കരിക്കുന്നതിനിടയിലും ഒരകന്ന ബന്ധുക്കാരിയെ പ്രതീക്ഷിച്ച്‌ ഇടക്കിടക്ക്‌ പുറത്തേക്ക്‌ നോക്കുന്ന ഒരു പൊടിമീശക്കാരന്‍..താലത്തിലിരിക്കുന്ന വെറ്റിലയെടുത്ത്‌ ഞെടുപ്പ്‌ നുള്ളി അറ്റം ഇറുത്ത്‌ ചെന്നിയില്‍ വച്ച്‌ ബാക്കി ഇന്‍ഗ്രേഡിയന്‍സും ചേര്‍ത്ത്‌ മുറുക്കി സമപ്രായക്കാരായ വൃദ്ധന്മാരോട്‌ വെടിപറഞ്ഞ്‌ ചിരിക്കുന്ന വധുവിന്റെ അച്ഛന്‍..ഓടിക്കളിക്കുന്ന കുട്ടികള്‍..അപ്പോള്‍ നിലത്തുവീണുകിടന്ന ഒരു ജമന്തിപ്പൂവിനുമുകളില്‍ ഒരു കുളമ്പ്‌ അമരുന്നു..! ചുമന്ന പ്ലാസ്റ്റിക്‌ കസേരയിലൂടെ തഴുകി കടന്നുപോകുന്ന, സമൃദ്ധമായി രോമങ്ങളുള്ള ഒരു വാല്‌..! തിണ്ണയില്‍ ശാന്തനായി കിടന്നിരുന്ന ജിമ്മി ദയനീയമായി മോങ്ങി..അവന്‌ കാണാം..മുറുക്കിക്കൊണ്ടിരുന്ന കാര്‍ന്നവര്‍ തല തിരിച്ച്‌ നോക്കി. പോത്തിനു മുകളില്‍ ഒരു ആഢ്യന്‍ പ്രഭു..! അദ്ദേഹത്തെ കണ്ട തല പിന്നെ തിരിഞ്ഞില്ല..കടവായില്‍ നിന്നും മുറുക്കാന്‍ തുപ്പല്‍ രക്തം പോലെ നിലത്തേക്ക്‌..വധുവിന്റെ അച്ഛന്‍ ക്ലോസ്സ്‌..!

പട്ടിയുടെ കാലന്‍കൂവല്‍ ഒരു കരച്ചിലുപോലെയാണ്‌... മരണത്തിന്റെ ദേവനോട്‌ പട്ടി തന്റെ യജമാനനുവേണ്ടി യാചിക്കുകയാണ്‌...പ്ലീസ്സ്‌ സാര്‍, ഈ പ്രാവശ്യം തിരിച്ചുപോകൂ..മറ്റൊരിക്കല്‍ വരൂ..സത്യസന്ധനും ആത്മാര്‍ത്ഥനും ആയ പട്ടിയുടെ അഭ്യര്‍ത്ഥന ചിലപ്പോള്‍ കാലന്‍ കേള്‍ക്കാറുണ്ടത്രെ.

ഞങ്ങളുടെ നാട്ടില്‍ ഒരു പട്ടിയുണ്ട്‌, ഡേവിഡ്‌..! അവന്‍ ആരുടേയും സ്വന്തമല്ല, എല്ലാവരുടേയുമാണ്‌..ഡേവിഡ്‌ ഒരു പൊതുപ്പട്ടിയാണ്‌! അവന്‍ സ്‌നേഹമുള്ളവനും സ്വതന്ത്രനുമാണ്‌. സ്‌കൂള്‍ കുട്ടികള്‍ അവന്‌ ബിസ്‌കറ്റ്‌ കൊടുക്കും..ഓരോ നേരവും ഓരോ വീട്ടില്‍ നിന്ന്‌ ഭക്ഷണം..ഭക്ഷണം കഴിഞ്ഞാല്‍ പിന്നാമ്പുറത്തുപോയി അല്‌പം വിറക്‌ വെട്ടിക്കീറാന്‍ അവനോട്‌ ആരും പറയില്ല. അവന്റെ സ്വാതന്ത്ര്യം പരക്കെ അംഗീകരിക്കപ്പെട്ടതാണ്‌. ഭക്ഷണം അവന്റെ അവകാശമാണ്‌. മറ്റ്‌ പട്ടികളേപ്പോലെ ചുമ്മാ കിടന്ന്‌ കുരക്കില്ല...എപ്പോഴും പെണ്‍പട്ടികളുടെ പുറകെ പോകില്ല..ഡേവിഡ്‌ പക്വതയുള്ളവനാണ്‌..!ഒരു രാത്രി ജോണിക്കുട്ടി അങ്കിളും മേരിയാന്റിയും തമ്മില്‍ പതിവുപോലെ ഉടക്കി. അവര്‍ക്ക്‌ കുട്ടികള്‍ ഇല്ലായിരുന്നു. അവര്‍ മാക്‌സിമം ശ്രമിച്ച്‌ പരാജയപ്പെട്ടു. ഓരോ രാത്രിയിലും ശ്രമം കഴിയുമ്പോള്‍ അങ്കിള്‍ നിരാശയോടെ എഴുന്നേറ്റ്‌ പോയി ഒരു പെഗ്ഗ്‌ ഒഴിച്ചുകൊണ്ട്‌ പറയും.

ഇതും വെറുതെയാ..!

ആന്റി ദേഷ്യപ്പെട്ട്‌ പറയും.

നിങ്ങള്‍ ആ നാക്കെടുത്ത്‌ വളക്കല്ലെ....

അങ്ങനെയാണ്‌ മിക്ക ദിവസവും വഴക്ക്‌ തുടങ്ങുന്നത്‌. കുറേനേരം വഴക്കുണ്ടാക്കി പിണങ്ങി ആന്റി തിരിഞ്ഞ്‌ കിടക്കും. രണ്ട്‌ ഓണ്‍ ദ റോക്‌സും വിട്ട്‌ അങ്കിള്‍ വന്ന്‌ ഇരുട്ടിലേക്ക്‌ നോക്കി കിടക്കും. രാത്രി ഏറെച്ചെല്ലുമ്പോള്‍ അങ്കിള്‍ ആന്റിയുടെ തോളത്തുതട്ടി പറയും.

പോട്ടെടീ മേരിക്കുട്ടീ....

അത്‌ കേള്‍ക്കാന്‍ ആന്റി ചെവിയോര്‍ത്തുകിടക്കും. ഗോള്‍ക്കോണ്ടാ ബ്രാണ്ടിയുടെ ചുടുനിശ്വാസം നെറ്റിയിലടിച്ച്‌ ആന്റി ഉറങ്ങും...എട്ടുപത്ത്‌ വര്‍ഷങ്ങളായി ഇതാണ്‌ പതിവ്‌..അങ്ങനെ അന്നുരാത്രിയും പതിവുപോലെ ആന്റി പിണങ്ങി തിരിഞ്ഞ്‌ കിടന്നു. രണ്ട്‌ പെഗ്ഗിനുശേഷം അങ്കിള്‍ വന്നു കിടന്നു. കുറേനേരം ഇരുട്ടിലേക്ക്‌ നോക്കിക്കിടന്നിട്ട്‌ അങ്കിള്‍ ആന്റിയോട്‌ പറഞ്ഞു.

പോട്ടടീ മേരിക്കുട്ടീ...

അന്ന്‌ അങ്കിള്‍ പതിവില്‍ കൂടുതല്‍ തീഷ്‌ണമായ ഭാഷ ഉപയോഗിച്ചായിരുന്നു ശകാരിച്ചത്‌. അത്‌ കേട്ട്‌ ആന്റി കരഞ്ഞുപോയിരുന്നു. എട്ടുവര്‍ഷമായുള്ള ആ വിളി കേള്‍ ക്കാത്തതുപോലെ ആന്റി കിടന്നു.ചില പതിവുകള്‍ തെറ്റുമ്പോള്‍ മനുഷ്യന്‍ പാടെ തകര്‍ന്നുപോകും...പതിവുകളല്ലെ മനുഷ്യനെ ജീവിപ്പിക്കുന്നത്‌..ചില പതിവുകളുടെ താളപ്പിഴവുകളിലാണ്‌ ഭ്രാന്ത്‌ കുടിയിരിക്കുന്നത്‌...ഇരുട്ടിലേക്ക്‌ നോക്കിക്കിടന്നപ്പോള്‍ ജോണിക്കുട്ടി അങ്കിളിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സഹിക്കാനാവാത്ത നിശബ്‌ദത..പെട്ടന്നാണ്‌ ഡേവിഡിന്റെ നിലവിളി കാതില്‍ വന്നലച്ചത്‌..അസഹ്യമായ കാലന്‍കൂവല്‍...അങ്കിള്‍ മുറിയിലൂടെ ഉലാത്തി..ജനല്‍ ചേര്‍ത്തടച്ചു. പക്ഷെ വാതിലിന്റെ താക്കോല്‍ പഴുതിലൂടെ ഡേവിഡിന്റെ ദയനീയമായ മോങ്ങല്‍...! അര മണിക്കൂര്‍ കഴിഞ്ഞു. അങ്കിളിന്റെ കണ്ണുകള്‍ ചുവന്ന്‌ കലങ്ങി... ശ്വാസം വേഗത്തിലായി... അലമാര തുറന്ന്‌ അനിയന്‍ തോമസുകുട്ടി തന്ന പിസ്റ്റള്‍ എടുത്ത്‌ അരയില്‍ തിരുകി. ബ്‌ളാങ്കെറ്റ്‌ പുതച്ചുകൊണ്ട്‌ പുറത്തിറങ്ങി. നല്ല കാറ്റുണ്ടായിരുന്നു. തണുത്തുറഞ്ഞ നിശബ്‌ദമായ രാത്രിയില്‍ ഡേവിഡിന്റെ കൂവലിന്‌ ശ്രുതിയിടുന്ന കാറ്റിന്റെ ശീല്‍ക്കാരം...അല്‍പം നടന്നപ്പോള്‍ കണ്ടു..ഒരു പാറപ്പുറത്തിരുന്ന്‌ കരിമേഘങ്ങളിലേക്ക്‌ ഭയപ്പാടോടെ നോക്കി വിലപിക്കുന്ന ഡേവിഡ്‌.... ബ്ലാങ്കെറ്റിനുള്ളില്‍ കൈകടത്തി ജൂബ്ബാപോക്കി എളിയില്‍ നിന്നും തോക്കെടുത്തു. മൂന്ന്‌ പ്രാവശ്യം ഷൂട്ട്‌ ചെയ്യേണ്ടിവന്നു ആ നശിച്ച നിലവിളി നിശേഷം നില്‍ക്കാന്‍......തിരികെ നടന്നപ്പോള്‍ അങ്കിള്‍ വല്ലാതെ കിതച്ചു.രാവിലെ ഉണര്‍ന്നപ്പോള്‍ അല്‍പം വൈകി. രാത്രി ഒരുപാട്‌ വലിച്ചുകേറ്റിയതുകൊണ്ട്‌ തലക്ക്‌ നല്ല കനം..ഫ്രിഡ്‌ജ്‌ തുറന്ന്‌ കുറെ ഐസ്സ്‌ വെള്ളം തൊണ്ടയിലേക്കൊഴിച്ചു. ആന്റി അപ്പോഴും ഉണര്‍ന്നിരുന്നില്ല....അങ്കിള്‍ ചെന്ന്‌ നോക്കി. അതേ കിടപ്പില്‍ തന്നെ..പിന്നെയാണ്‌ മനസ്സിലായത്‌...ആന്റി രാത്രിതന്നെപോയിരുന്നു...!

ആന്റിയുടെ ശവസംസ്‌കാരത്തിന്‌ ബന്ധുക്കള്‍ ചുറ്റുമിരുന്ന്‌ കരഞ്ഞപ്പോള്‍ അങ്കിള്‍ പെട്ടന്ന്‌ എന്തോ ഓര്‍ത്ത്‌ പുറത്തേക്ക്‌ ഓടി...പാറപ്പുറത്ത്‌ വെടിയേറ്റ്‌...ഉറുമ്പാര്‍ത്ത്‌ ഡേവിഡ്‌ ചത്തുകിടപ്പുണ്ടായിരുന്നു. അങ്കിള്‍ അരികത്തിരുന്ന്‌ അവന്റെ ശിരസ്സില്‍ തലോടിക്കൊണ്ട്‌ ഇടറിയ സ്വരത്തില്‍ പറഞ്ഞു. ഞാനറിഞ്ഞില്ല........!